ചില്ലറ കൃതികള്‍

Friday, April 27, 2007

ഡിമോയിനിലെ മഴയില്‍ കുറച്ചു ദൂരം.

പതിവുതെറ്റി ഇന്നു നേരത്തേ എഴുന്നേറ്റു. അതും ഉന്മേഷത്തോടെ. സാധാരണയായി ഉറക്കമുണര്‍ന്നാല്‍ ഒരു തരം തളര്‍ച്ച തോന്നും - ദിനചര്യകള്‍, കഴിച്ചു പണ്ടേ മടുത്ത സീരിയല്‍‍, ഓഫീസ് യാത്ര,
ജോലി...ഇതെല്ലാം ആലോചിക്കുമ്പോള്‍ തളര്‍ച്ചയേറും. പുറത്ത് നല്ല മഴയാണ്. രാത്രി മുഴുവന്‍ നന്നായി പെയ്ത ലക്ഷണമുണ്ട്‌. മഞ്ഞില്‍ നിന്നു വസന്ദത്തിലേക്കുള്ള ഈ മാറ്റം കാലാവസ്ഥാ
പ്രവചനത്തില്‍ ശ്രദ്ധിച്ചിരുന്നു. കനത്തതാണെങ്കിലും ഇട മുറിഞ്ഞേ പെയ്യൂ. കാറ്റും, ചെറുതായി ഇടിയും വെട്ടുന്നുണ്ട്‌. നന്നായി ഒഴുക്കിട്ട് വെള്ളം കാര്‍ പാര്‍ക്കില്‍ തളം കെട്ടിയിട്ടുണ്ട്. ഇടവപ്പാതിയിലെ
കാലവര്‍ഷം ഓര്‍ത്തുപൊയി..നനഞ്ഞ യൂണിഫോമും പുസ്തകങ്ങളും.

ഷീന വിളിച്ചത് അപ്പൊഴാണ്. ആവിടെയും നല്ല മഴ തന്നെ. അവളും നന്നായി ഉറങ്ങിയ സുഖത്തിലാണ്. ഇന്നു ക്യാമറ കൊണ്ടാണ് ഓഫീസില്‍ പോകാന്‍ ഉദ്ദേശ്യം. മഴയും , പുതുതായി വിരിഞ്ഞ
ക്യാനേഡിയന്‍ അരയന്നങ്ങളുടേയും പടമെടുക്കാനാണ്. കുഞ്ഞുങ്ങളൊടൊപ്പം, തള്ള അരയന്നങ്ങള്‍ക്കും പറക്കാനുള്ള പുതിയ ചിറകുകള്‍ മുളക്കുമത്രെ. പിന്നെ ഒരുമിച്ചു പറന്നു പോകും.

എന്നും ആറരക്ക് ഫോണ്‍ ചെയ്ത് എഴുന്നേല്‍പ്പിക്കുന്നത് ഷീനയാണ്. അവളുടെ സമയം ഒരു മണിക്കൂര്‍ മുന്‍പിലാണ്. കല്യാണത്തിനു ശേഷം രണ്ടിടത്ത് നില്‍ക്കാന്‍ താല്പര്യമില്ലായിരുന്നു. ഇതു പക്ഷെ
ഒഴിവാക്കാന്‍ പറ്റിയില്ല. പല തീരുമാനങ്ങളും നമ്മള്‍ കണ്ടിട്ടു പോലുമില്ലാത്ത ചിലരാണ് എടുക്കുന്നത്.

നാട്ടിലേപ്പോലെ മഴ ഒരു കാലമല്ല ഇവിടെ . ആളുകള്‍ ഈ സമയം പൊതുവെ ജാഗരൂകരാണ്. പേമാരിക്കൊപ്പം ചുഴലിക്കാറ്റ് , കൊടുങ്കാറ്റ്‌ മുതലായവക്കുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ടുതന്നെ,
മഞ്ഞു കാലത്തേപ്പൊലെ, മഴയെചുറ്റിപ്പറ്റി കളികളുമില്ല. സഹപ്രവര്‍ത്തകനായ സകോട്ട് തന്റെ പഴയ ജോലിയുപേക്ഷിക്കാന്‍ ഒരു കാരണം അവിടുത്തെ മഴയായിരുന്നു. നനഞ്ഞ തലയും, നനഞ്ഞ കാലും -
അതാണ് സ്കോട്ടിന്റെ മഴക്കാല ഓര്‍മ്മ.

മഴ നനഞ്ഞാല്‍ ജല്ദോഷം വരുമെന്നാണ്‌ വെപ്പ്‌. നീരുവീഴ്ച്ച ഒഴിവാക്കാന്‍ പണ്ടു മുതലേ മുടി പറ്റെ വെട്ടിക്കുമായിരുന്നു. ഭംഗിയെക്കരുതി നീളം കുറക്കാന്‍ സായ്പ്പ് വിസമ്മതിച്ചപ്പൊള്‍ കാരണം
പറഞ്ഞു. ശാസ്ത്രപരിജ്ഞാനം വേണ്ടത്ര ഇല്ലായെന്നു തോന്നിയിട്ടാവാം, സായ്പ്പ്‌ ഒരു ഹൃസ്വ ഭാഷണം തന്നു. പഠിച്ചതിത്ര : ജലദോഷം വരുത്തുന്നത് ഒരു ‘വയറസ്‘ ആണ്‍്. മുടി എങ്ങനെ വേണമെങ്കിലും
വളര്‍ത്താം, നനയാം. ആയാള്‍ പലപ്പൊഴും കുളി കഴിഞ്ഞ് തുവര്‍ത്താറുപോലുമില്ല.

ബാങ്കിന്റെ പാര്‍ക്കിങ് കുറച്ച് അകലെയാണ്. ഏതാണ്ട്‌ പത്തു മിനിട്ട് നടക്കണം ഓഫീസ് കെട്ടിടത്തിലേക്ക്. മഴക്കോട്ടെടുത്തപ്പോള്‍ തൊപ്പി മനപ്പൂര്‍വ്വം എടുത്തില്ല. റോഡു നിറച്ച് വണ്ടികളാണ്. ആറു
നിരകളിലായി. കനത്ത മഴയായതിനാല്‍ പതുക്കെയാണു പോകുന്നത്. ഏതിരെ പൊകുന്ന വണ്ടികളില്‍ വൈപ്പര്‍ വേഗത്തില്‍ ചലിക്കുന്നുണ്ട്. മുന്നിലെ കണ്ണാടിയിലെ വെള്ളപ്പൊക്കം കാണാന്‍ വൈപ്പര്‍
പതുക്കെ ആക്കിയാല്‍ മതി. പിന്നെ വേഗത കുറഞ്ഞ നിരയില്‍ ഓടിക്കണമെന്നു മാത്രം.


ഫ്ളൂര്‍ ‍ റോഡിലേക്കുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം വഴിയില്‍ എഴുതി വച്ചിട്ടുണ്ട്. ഡിമോയിന്‍ നദി കരകവിഞ്ഞ് റോഡിലേക്കു ഒഴുകുന്നത് പാല്ത്തിലെത്തിയപ്പോള്‍ അടുത്തു കണ്ടു.
ഒരു പെരും തോടിന്റെ അത്ര വലിപ്പമേയുള്ളൂ ഈ പുഴക്ക്. പക്ഷെ ഇന്നു വലിയ ഗമയിലാണ് ഒഴുക്ക്.

ഇറവെള്ളത്തിന്റെ വലിപ്പമനുസരിച്ചാണ് പണ്ട് മലവെള്ളത്തിന്റെ സാധ്യത അളക്കുന്നത്. ഒരാഴ്ച തുടര്‍ച്ചയായി മഴ പെയ്താല്‍ പതുക്കെ പാടത്ത് വെള്ളമേറിത്തുടങ്ങും. ഞാറു മുങ്ങിത്തുടങ്ങിയാല്‍
പിള്ളേര്‍ പറമ്പില്‍ നിന്ന്‌ വാഴത്തട വെട്ടും. ആറോ എട്ടോ തടകള്‍ ചേര്‍ത്ത് ചങ്ങാടമുണ്ടാക്കും. പിന്നെ വെള്ളമിറങ്ങുന്നതു വരെ തുഴയാന്‍ പോക്കാണ്. ഈയ്യിടെയായി പെരിയാര്‍ കരകവിയാറില്ല.
മണലെടുത്ത കുഴികള്‍ നിറയാന്‍ തന്നെ വെള്ളം കഷ്ടി. ആതുകൊണ്ടുതന്നെ പാടത്ത് മലവള്ളവും കയറില്ല.

ഓഫീസിലേക്കു നടക്കുന്നതിനിടയില്‍ തലയും , ഷൂസും നനഞ്ഞു. കുളി കഴിഞ്ഞു തിരുമ്മിയ രാസ്നാതി ചൂര്‍ണ്ണം രക്ഷിക്കട്ടെ. സെക്യുരിറ്റിയില്‍ എത്തിയപ്പോഴാണ് ഫൊട്ടോ ഐഡന്ടിടി കാര്‍ഡ് വീണു പോയത്‌ ശ്രധ്ധിച്ചത്. മഴയത്ത് തിരിച്ച് ഓടുമ്പോള്‍ അധികം അകലെയല്ലാതെ കാര്‍ഡ് കിടക്കുന്നു. ഒരടി വെള്ള്ത്തില്‍ ..മുഴുവന്‍ നനഞ്ഞ്‌.